Untitled Document
www.joychenputhukulam.com
      joychen@jpmnews.com
  847 390 7836
Home About us Your Corner Useful Links Letter to Editor Archive Contact Us
kavitha cherukada
Novel
Katturumpu
Facebook
Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
freeiptvbox
freeiptvbox
Advt
Advt
Advt
smarana
KATTURUMBU
സമകാലീന രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഭവങ്ങളെ കോര്‍ത്തിണക്കിയുള്ള, നിങ്ങളെ ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും ഉതകുന്ന ആക്ഷേപ ഹാസ്യ പംക്തിയാണ് കട്ടുറുമ്പ്. അരങ്ങിലും അണിയറയിലും നടക്കുന്ന നാടകങ്ങളെ വായനക്കാര്‍ക്കായി തുറന്നു കാട്ടുന്നു. നിങ്ങളുടെ വിലയേറിയതും വിലകുറഞ്ഞതുമായ  അഭിപ്രായങ്ങളും  നിര്‍ദേശങ്ങളും  ഞങ്ങളെ എഴുതി അറിയിക്കുക 
Email: sp.katturumbu@gmail.com
 

പുരട്ചി തലൈവി ഈ അണക്കെട്ടിന്റെ ഐശ്വര്യം

 എസ് പി

കാന്‍സര്‍ പിടിപെട്ട് ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞാപ്പിയെ കാണുവാന്‍ വെണ്ടര്‍ മോഹനന്‍ ചെന്നു. രോഗ വിവരം തിരക്കിയ ശേഷം വെണ്ടര്‍ മോഹനന്‍ ആദ്യ വെടി പൊട്ടിച്ചു. ഈ രോഗം വന്ന് അധികം ആരും അങ്ങനെ രക്ഷ പെട്ടതായി കണ്ടിട്ടില്ല. എന്ന് പറഞ്ഞാല്‍ കുഞ്ഞാപ്പി ചേട്ടാ അടുത്ത പിറന്നാള്‍ അങ്ങ് പരലോകത്ത് ആഘോഷിക്കാം എന്ന്. ഇത് കേട്ട് നിന്ന കുഞ്ഞാപ്പിയുടെ മൂത്ത മകളുടെ കണ്ണിലൂടെ രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിയുന്നത് ആരും അധികം ശ്രദ്ധിച്ചില്ല. കുഞ്ഞാപ്പിയുടെ ഹൃദയവും ചെറുതായൊന്ന് പിടഞ്ഞു.

കുഞ്ഞാപ്പി ചേട്ടന്റെ കൂടെ കുറഞ്ഞത്‌ ഇരുപത് ഓണമെങ്കിലും ഞങ്ങള്‍ ഇനിയും ഉണ്ണും. മോഹനന്റെ കൂടെ വന്ന തട്ടുകട ബാബു ഇങ്ങനെ പറഞ്ഞപ്പോള്‍ കുഞ്ഞാപ്പിയുടെ മകളുടെ മുഖത്ത് ഒരു തിളക്കം കാണപ്പെട്ടു. കാര്യം വെണ്ടര്‍ മോഹനനെക്കള്‍ വിദ്യാഭാസം കുറവാണെങ്കിലും കാര്യങ്ങള്‍ പറയുന്നതിലും സംസാരിക്കുന്നതിലും വേണ്ടറിനെക്കാള്‍ ഒരു പണത്തൂക്കം മുന്നിലാണ് തട്ടുകട.

ഉടന്‍ വെണ്ടര്‍ ചെറുതായൊന്ന് ചുവടു മാറ്റി. തോന്ന്യാമലയിലെ വറീത് ഈ അസുഖം വന്നിട്ട് രക്ഷപെട്ടിട്ടുണ്ട്, അതുകൊണ്ട് നമുക്ക് തീര്‍തൊന്നും പറയുവാന്‍ പറ്റില്ല. വീണടിത്ത് കിടന്നു ചെറുതായൊന്ന് ഉരുണ്ടതാണ് വേണ്ടറന്നു കൂടി നിന്നവര്‍ക്കെല്ലാം മനസ്സിലായി.

മുല്ലപ്പെരിയാര്‍ പൊട്ടും എന്ന് പറഞ്ഞു ഔസേപ്പും, വി എസ്സും , തിരുവഞ്ചൂരും , കുഞ്ഞൂഞ്ഞും ഒക്കെ നമ്മളെ ഇങ്ങനെ പേടിപ്പിച്ചു മുള്‍മുനയില്‍ നിര്‍ത്തുകയാണ്. എന്നാല്‍ പൊട്ടുമോ എന്ന് തീര്‍ത്ത് പറയുകയുമില്ല. അടുത്ത ദിവസം പറയുന്നത് കേട്ടാല്‍ തോന്നും ഇത് പോട്ടില്ലെന്ന്. ഇപ്പോള്‍ കാണപ്പെടുന്ന ചോര്‍ച്ചകള്‍ ചിലപ്പോള്‍ വലുതായെന്ന് വരാം അത്രമാത്രം.

അപ്പോള്‍ പൊട്ടില്ലേ ? അല്ല മിക്കവാറും പൊട്ടും.

അപ്പോള്‍ പൊട്ടിയാല്‍ 30 ലക്ഷം പേര്‍ മരിക്കില്ലേ ? 30 ഓ കുറഞ്ഞത്‌ 50 ലക്ഷം പേരാണ് അറബിക്കടലില്‍ അലിഞ്ഞു ചേരുവാന്‍ പോകുന്നത്.

അയ്യോ അപ്പോള്‍ ഇങ്ങനെ കൊടി പിടിച്ചോണ്ട് ഇവിടെ ഇരുന്നാല്‍ മതിയോ ? പ്രശ്നം കൈകാര്യം ചെയ്യേണ്ടേ ? അല്ല ശരിക്കും പറഞ്ഞാല്‍ ഡാമിന് അടുത്ത് താമസിക്കുന്ന പതിനായിരത്തോളം ആള്‍ക്കാരെ മാറ്റി പാര്‍പ്പിച്ചാല്‍ സംഗതി നമുക്ക് കൈപ്പിടിയില്‍ ഒതുക്കാം.

അപ്പോള്‍ ചുമ്മാ പറഞ്ഞു ഞങ്ങളെ പേടിപ്പിക്കുവായിരുന്നു അല്ലെ ? അതല്ല ഡാമിലെ വെള്ളം 120 അടി ആക്കി കുറച്ചില്ലെങ്കില്‍ എന്തും സംഭവിക്കാം, ഇപ്പോഴത്തെ സാഹചര്യം വളരെ ഭയാനകം ആണ്.

ബോംബ്‌ ആക്രമണമോ മറ്റോ ഉണ്ടാകാത്ത ഒരു ദിവസം അല്ലെങ്കില്‍ തലേ രാത്രിയില്‍ വാള്‍ സ്ട്രീറ്റ് അധികം ചാഞ്ചാട്ടം കാണിക്കാതെ ഇരിക്കുന്ന ദിവസം ബി എസ് ഇ യുടെ സൂചിക ആടുമ്പോലെ 136 , 136 .2 , 136 .1 , 136 . 3 എന്നീ അടിക്കണക്ക് അല്ലേ മുല്ലപ്പെരിയാര്‍ കാണിക്കുന്നത്. അപ്പോള്‍ നിങ്ങള്‍ ഈ പറയുന്ന 120 അടുത്ത കാലത്തൊന്നും വരുവാന്‍ പോകുന്നില്ല . അങ്ങനെയെങ്കില്‍ സംഗതി വീണ്ടും കുഴപ്പമില്ലേ ? കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചാല്‍ ചെറിയ കുഴപ്പം ഉണ്ട്, പക്ഷെ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കിയും കുഞ്ഞുങ്ങളും അത് താങ്ങി കൊള്ളും.

ശെടാ… അപ്പോള്‍ ഇവിടുത്തെ പ്രശ്നം ശരിക്കും എന്താ ????? മുല്ലപ്പെരിയാര്‍ ഡാം അപകടത്തില്‍ ആണ്, ഏത് നിമിഷവും അത് പൊട്ടും. പൊട്ടിയാല്‍ 30 ലക്ഷം മുതല്‍ 50 ലക്ഷം വരെ ആണ് കൊല്ലപ്പെടുവാന്‍ പോകുന്നത്. പ്രശ്നം അതീവ ഗുരുതരം. ദാ പിന്നെയും കറങ്ങി തുടങ്ങിയടുത്ത് വന്നു നില്‍ക്കുന്നു. ഇത് പണ്ട് ഗാന്ധിമതി ബാലന്‍ പറഞ്ഞ പഞ്ചവടിപ്പാലം പോലെയുണ്ടല്ലോ. നിങ്ങളീ പറയുന്നത് ശരിയാകണമെങ്കില്‍ നമുക്ക് ആ ഡാം അപകടത്തില്‍ ആണെന്ന് പറഞ്ഞു പൊട്ടിക്കണം. എന്നിട്ട് നല്ല അടിക്കെട്ടുള്ള ഒരു അണക്കെട്ട് പണിയണം. അതല്ലയോ അതിന്റെ ഒരു ശരി. ഏയ് അങ്ങനെ ഒന്നും അല്ല, മുല്ലപ്പെരിയാര്‍ ഡാം അപകടത്തില്‍ ആണ് ഏത് നിമിഷവും അത് പൊട്ടും.

വെണ്ടര്‍ മോഹനന്റെ സഹോദരങ്ങള്‍ ആണ് മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ നമ്മുടെ പ്രബുദ്ധ കേരളത്തിലെ രാഷ്ട്രീയ കോമാളികള്‍ .

ഇനിയും തട്ടുകട ബാബുവിന്റെ സഹോദരങ്ങളെ ഒന്ന് പരിചയപ്പെടാം. “മലയാളത്തൂകാര്‍ മക്കള്‍ നീന്‍ഗള്‍ ഒന്നുമേ കവലപ്പെടുവേണ്ട.” ഇതാണ് അക്കരെ നിന്നുള്ള കിളിനാദം. ആ അമ്മ പറയുന്നത് ഈ 136 അടി എന്ന് പറയുന്നത് കുറഞ്ഞത്‌ ഒരു 150 മുകളില്‍ ആക്കണം. ഡാം നല്ല സുരക്ഷിതം ആണ്, നിങ്ങളുടെ വിവരമില്ലാത്ത നേതാക്കന്മാര്‍ നിങ്ങളെ പറഞ്ഞു പറ്റിക്കുകയാണ്. നിങ്ങള്‍ ആ ചതിക്കുഴിയില്‍ വീഴരുത്. എത്ര ആശ്വാസം തരുന്ന വാക്കുകള്‍ …. ഡാം പൊട്ടും നീയൊക്കെ ചാകും എന്ന് പറയുന്നതിനേക്കാള്‍ എത്രയോ നല്ല വാക്കുകള്‍ ആണ് 150 അടി പോക്കിയാലും പൊട്ടില്ല എന്ന് പറയുന്നത്. മാത്രമോ ഇന്ന് പറയുന്നത് നാളെ മാറ്റി പറയുന്നില്ല. കറുത്ത ഗ്ലാസ്സിനും വെളുത്ത മുഖത്തിനും ഈ കാര്യത്തില്‍ ഒരേ സ്വരം.

അപ്പോള്‍ പിന്നെ ഈ കോമാളികള്‍ എല്ലാം പോയി ചപ്പാത്തില്‍ കിടക്കുന്നത് എന്തിനാണ് ? ഇവിടെ രണ്ടു ദിവസം പട്ടിണി കിടന്നാല്‍ ആ ശബ്ദം ഇറ്റലി വരെ എത്തുമോ ? തലയില്‍ കെട്ടിയ തുണി ചെവി കൂടി മറച്ചിരിക്കുന്നത് കൊണ്ട് ആ മിണ്ടാ പ്രാണിയും ആ സ്വരം കേള്‍ക്കുമോ ? തമിള്‍ മക്കള്‍ കനിയാതെ ഈ കാര്യത്തില്‍ ഒന്നും പറ്റില്ല എന്ന് പറയുന്ന മലയാളത്തിന്റെ സ്വന്തം വെടികോപ്പുകാരന് എന്തെങ്കിലും ചെയ്യുവാന്‍ പറ്റുമോ ?

എന്തായാലും നിരാഹാരം കിടന്നു ഒരുവനും ചാകില്ല എന്ന ഉറപ്പുള്ളത് കൊണ്ട് എല്ലാവരും ഉപവാസവും നിരാഹാരവും കിടക്കും. നല്ല വിശപ്പ്‌ ആകുമ്പോഴേക്കും പോലീസ് പൊക്കി രണ്ടു ദിവസം ആശുപത്രില്‍ കിടത്തും. നാല് ദിവസം കോഴി ബിരിയാണിയും കഴിച്ചു ഊര്‍ജ്ജം വച്ചതിനു ശേഷം വീണ്ടും പോകും ചപ്പാതിലേക്ക്, അടുത്ത ഉപവാസത്തിന്.

ഈ ഉപവാസ പരമ്പരയില്‍ പി ടി തോമസ്‌ , ഇ എം അഗസ്തി , മോന്‍സ് ജോസഫ്‌ , ഗൌരിയമ്മ , വി എസ് തുടങ്ങി നൂറോളം കഥാ പാത്രങ്ങള്‍ ഇരുന്നെങ്കിലും എടുത്തു പറയേണ്ട ഒരാള്‍ ഉണ്ട്. പീരുമേട് എം എല്‍ എ , ഇ എസ് ബിജിമോളുടെ കാര്യം എടുത്തു പറയാതെ നിവൃത്തി ഇല്ല.

ഈ മോള്‍ കുറെ ദിവസം നിരാഹാരം കിടന്നു. ആളിനെ കണ്ടാല്‍ അറിയാമല്ലോ കുറെ ദിവസം പട്ടിണി കിടക്കുവാനായി ഫില്‍ ചെയ്തു വരുവാന്‍ നല്ല കണ്ടൈനര്‍ ഉള്ള ആള്‍ ആണെന്ന്. മുഖത്തെ ഭാവം കണ്ടാല്‍ ഇന്ത്യ മുഴുവന്‍ ആകാംഷയോടെ ഈ നിരാഹാരം വീക്ഷിക്കുകയാണെന്ന് തോന്നിപ്പിക്കും. വയറു കാഞ്ഞു തുടങ്ങിയപ്പോള്‍ പഴയ പല്ലവി വീണ്ടും. പോലീസ് പൊക്കുന്നു, ആശുപത്രിയില്‍ ആക്കുന്നു, കോഴി ബിരിയാണി, ഊര്‍ജ്ജം….. നല്ല കുട്ടപ്പിയായിട്ടു വീണ്ടും സമരപ്പന്തലില്‍ , വേറെ എന്തെങ്കിലും പണി വേണ്ടേ. ആരും അധികം ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ ഇടുക്കി ജില്ലാ കളക്ടറുടെ വാഹനം തടഞ്ഞിട്ടു. പാവം ദേവദാസ് വണ്ടി ഉപേക്ഷിച്ച് സ്ഥലം വിട്ടു.

എന്റെ ബിജിമോളെ ആ പാവത്തിന്റെ മുകളില്‍ കുതിര കയറാതെ കഴിയുമെങ്കില്‍ അന്ത അമ്മാവുടെ വണ്ടിയോ , അല്ലെങ്കില്‍ സര്‍ദ്ദാര്‍ജിയുടെ വണ്ടിയോ ഒന്ന് തടയുവാന്‍ ഒരു ചെറിയ ശ്രമം നടത്തി നോക്ക്. ആ ചെറിയ ശ്രമം എങ്കിലും ഈ വിഷയത്തില്‍ ഒരു ദേശീയ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ സഹായിച്ചേക്കും. അയല്‍വക്കകാരനുമായുള്ള വഴിതര്‍ക്കം ഒന്നുകില്‍ അവനോടു പറഞ്ഞു തീര്‍ക്കുക, അല്ലെങ്കില്‍ പഞ്ചായത്ത് മേമ്പറോട് പറയുക. അതിനും പകരം സ്വന്തം വീട്ടിലെ കലം തല്ലി പൊട്ടിച്ചത് കൊണ്ടോ, മകന്റെ മേലെ മേക്കിട്ട് കയറിയത് കൊണ്ടോ ഒരു കാര്യവും ഇല്ല.

ശിവദാസമെനോനെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പോളിറ്റ് ബ്യൂറോയുടെ തീരുമാനത്തെ ന്യായീകരിച്ച് അദ്ദേഹം നടത്തിയ പ്രസ്താവന ഏവരും ശ്രദ്ധിക്കേണ്ട ഒന്നാണ്. അതിന്റെ ചുരുക്കം ഇത്രമാത്രം : ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ സി പി എമ്മിന് കേരളത്തിന്റെ താല്പര്യം മാത്രം നോക്കിയാല്‍ പോര , മറിച്ച് തമിഴ്നാടിന്റെ താല്പര്യം കൂടി സംരക്ഷിച്ചേ പറ്റൂ. വളരെ വളരെ ശരിയായ പ്രസ്താവന. എന്നാലും ഈശോ മിശിഹാ പറഞ്ഞതിന് അപ്പുറം പോകരുത്, അതായത് നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക. അതുമതി, അല്ലാതെ നിന്നെക്കാള്‍ അധികം നിന്റെ അയല്‍ക്കാരനെ സ്നേഹിക്കല്ലേ എന്റെ ശിവദാസമേനോന്‍ സാറെ. ഇതെന്തിനാ ഇപ്പോള്‍ ഇങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചാല്‍ ചൈനയും നമ്മുടെ അയല്‍വാസികള്‍ ആണെന്ന് ചുമ്മാതൊന്നു മനസ്സില്‍ തട്ടിയത് കൊണ്ടായിരിക്കാം.

അടിക്കുറുപ്പ്‌ : കഴിഞ്ഞ ദിവസം ഒരു പ്രത്യേക ആവശ്യത്തിന് തമിഴ്നാട് വരെ പോകേണ്ടി വന്നു. റോഡിലൂടെയും മറ്റും നടക്കുമ്പോള്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചാണ് നടന്നത്. അബദ്ധ വശാല്‍ ഏതെങ്കിലും തമിഴനെ തട്ടി ഞാന്‍ തറയില്‍ എങ്ങാനും വീഴുകയും, അപ്പോള്‍ കാലോ മറ്റോ മുറിഞ്ഞു സ്വല്പം ചോര വരുകയുമോ ചെയ്‌താല്‍ പിന്നത്തെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിയേ…മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയാളിക്ക് തമിഴ്നാട്ടില്‍ ക്രൂര മര്‍ദനം….മലയാള പത്രങ്ങള്‍ക്ക് കെട്ടി ഘോഷിക്കുവാന്‍ ഒരു വാര്‍ത്ത.

Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."